Kerala Region
Latin Catholic Council

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ
കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെആര്‍എല്‍സിസി) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോണ്‍ക്ലേവ് 2026 ഒക്ടോബര്‍ 4 ഞായറാഴ്ച ആലപ്പുഴ ലിയോ തകകക ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ സാമൂഹികവും സഭാത്മകവുമായ മുന്നേറ്റത്തില്‍ അല്മായരുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

രാവിലെ 10.45ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി സ്വാഗതം ആശംസിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി നിര്‍മ്മല്‍ ഔസേപ്പച്ചന്‍ ഐഎഎസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ ആശംസകള്‍ അര്‍പ്പിക്കും. കെഎല്‍സിഡബ്ള്യുഎ സംസ്ഥാന പ്രസിഡന്‍റ് റാണി പ്രദീപ് നന്ദി പറയും. സമ്മേളനത്തിന് ആരംഭമായി രാവിലെ 9.30ന് പുനലൂര്‍ രൂപതാധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനയും നടക്കും. ലത്തീന്‍സഭയിലെ അല്മായ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരാകും.

തുടര്‍ന്ന് അല്മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 12.15ന് വിവിധ സ്ട്രീം ഗ്രൂപ്പുകളായി തിരിഞ്ഞ് ആശയവിനിമയവും ചര്‍ച്ചകളും നടക്കും. സഭയുടെയും സമൂഹത്തിന്‍റെയും സമകാലിക വെല്ലുവിളികള്‍, അല്മായരുടെ ഉത്തരവാദിത്വം, യുവജന പങ്കാളിത്തം, കുടുംബജീവിതം, സാമൂഹിക നീതി, തീരദേശ സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവരും.

ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്‍റണി ഐഎഎസ്, ആലപ്പുഴ എംഎല്‍എ എ. ഡി. തോമസ്, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്‍റ് സോണി പാവേലില്‍ എന്നിവര്‍ പങ്കെടുക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 3 മണിക്ക് ഗ്രൂപ്പ് റിപ്പോര്‍ട്ടിംഗും ചര്‍ച്ചയും നടക്കും. വിവിധ ഗ്രൂപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും ആശയങ്ങളും അവതരിപ്പിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. വൈകിട്ട് 3.45ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ സമാപന സന്ദേശം നല്‍കും.

കെആര്‍എല്‍സിസി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോണ്‍ക്ലേവ്, സഭയുടെ ദൗത്യത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്‍റെ സമകാലിക വെല്ലുവിളികളെ കൂട്ടായ്മയോടെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിടുന്നു. കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള അല്മായ പ്രതിനിധികളും സംഘടനാ ഭാരവാഹികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *