ചെല്ലാനം-കൊച്ചി കടല്‍ഭിത്തി നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കെആര്‍എല്‍സിസി. ചെല്ലാനം കടല്‍ത്തീരം ഏകദേശം 17 കിലോമീറ്റര്‍ ദീര്‍ഘമുള്ളതാണ്. കേരള സര്‍ക്കാരിന്‍റെ മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാക്കിയ പദ്ധതിരേഖ അനുസരിച്ച് 10 കിലോമീറ്ററായിരുന്നു നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടത്. പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ ഭിത്തി പണിയുന്നതിന് 254 കോടി രൂപയും പുത്തന്‍തോട് 9 പുലിമുട്ടുകളും ബസാര്‍ഭാഗത്ത് 6 പുലിമുട്ടുകളും നിര്‍മ്മിക്കുന്നതിന് 90 കോടി രൂപയും അനുവദിക്കുകയും ചെയ്തു. ആദ്യം തയ്യാറാക്കിയ രൂപരേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ടെട്രാപോഡിന്‍റെ ഭാരം കൂട്ടുകയും, വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്തു കടല്‍ ഭിത്തിയുടെ മുകളില്‍ കോണ്‍ക്രീറ്റ് പ്രതലമൊരുക്കി വാക് വേ രൂപപ്പെടുത്താനും നിശ്ചയിച്ചു. കൂടാതെ ജിഎസ്ടി നിരക്ക് വര്‍ദ്ധിപ്പിച്ചതും പദ്ധതി ചിലവ് വര്‍ദ്ധിക്കുന്നതിന് കാരണമായി. ഇതിനായി 34 കോടി രൂപ കൂടെ അധികമായി അനുവദിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യഘട്ട പദ്ധതിയില്‍ ആകെ അനുവദിക്കപ്പെട്ട 344 കോടി രൂപയില്‍ 7.350 കിലോമീറ്റര്‍ മാത്രമെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. പുത്തന്‍തോട്ടില്‍ 9 പുലിമുട്ടുകളും പുത്തന്‍തോട് മുതല്‍ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് കടല്‍ ഭിത്തിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബസാര്‍ഭാഗത്തെ 5 പുലിമുട്ടുകള്‍ മാത്രം പൂര്‍ത്തിയാക്കുകയും ആറാമത്തെ പുലിമുട്ടിന്‍റെ പണി പൂര്‍ത്തിയാകുന്നതേയുള്ളു. പുലിമുട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും തീര സമ്പുഷ്ടീകരണം നടക്കേണ്ടതും കടല്‍ ഭിത്തിയുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്.
കണ്ണമാലി വരെയുള്ള ബാക്കി 2. 650 കിലോമീറ്റര്‍ പുത്തന്‍തോട് 9 പുലിമുട്ടുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കാക്കായിരിക്കുന്നത് 310 കോടി രൂപയാണ്. ഇതിന് അഡ്മിനിസ്ടേഷന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യമായ ഫണ്ടും സങ്കേതിക അനുമതിയും ലഭ്യമാകേണ്ടതുണ്ട്. ഈ നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 17 കിലോമീറ്ററില്‍ ബാക്കിയുള്ള സിഎംഎസ് പാലം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള രണ്ടാം ഘട്ടത്തെക്കുറിച്ച് ഒരു ആലോചനയും ബന്ധപ്പെട്ട ഏജന്‍സികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ അംഗീകൃതമായ ഏതെങ്കിലും ഏജന്‍സിയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപരേഖ തയ്യാറാക്കുകയും ആവശ്യമായ ഫണ്ട് അനുവദിച്ചുകൊണ്ടും തീരസുരക്ഷ പൂര്‍ണ്ണമായി നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെആല്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡും ആവശ്യപ്പെട്ടു.
ചെല്ലാനം-കൊച്ചി കടല്‍ത്തീരത്തിന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് ചെല്ലാനം – കൊച്ചി നിവാസികള്‍ നടത്തിയ ഐതിഹാസിക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് തീരസംരക്ഷണത്തിനായി കടല്‍ഭിത്തി ടെട്രാപോഡ് എന്ന നവീന സാങ്കേതിക രീതി ഉപയോഗപ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരള സര്‍ക്കാര്‍ ആരംഭിക്കുന്നത്. കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍ ‘ കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍-കടല്‍’ നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത് കടലേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതായി തദ്ദേശവാസികള്‍ ആശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.