
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ, ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 2023-ലെ അവാര്‍ഡുകള്‍ പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രഖ്യാപിച്ചു.
ഗുരുശ്രേഷ്ഠ അവാര്‍ഡിന് സി.ജെ റോബിനെയും (കോഴിക്കോട് രൂപത), വനിതാ ശാക്തീകരണ അവാര്‍ഡിന് ഡോ. ഐറിസ് കൊയ്‌ലിയോയെയും (തിരുവനന്തപുരം അതിരൂപത), യുവത അവാര്‍ഡിന് സജീവ് ബി.യെയും (പുനലൂര്‍ രൂപത), സമൂഹനിര്‍മിതി അവാര്‍ഡിന് ബ്രദര്‍ ജോയി പുതിയവീട്ടിലിനെയും (കോട്ടപ്പുറം രൂപത), സാഹിത്യ അവാര്‍ഡിന് പി.എഫ് മാത്യൂസിനെയും (വരാപ്പുഴ അതിരൂപത), വൈജ്ഞാനിക സാഹിത്യ അവാര്‍ഡിന് ഷാര്‍ബിന്‍ സന്ധ്യാവിനെയും (ആലപ്പുഴ രൂപത), മാധ്യമ അവാര്‍ഡിന് ഫാ. സേവ്യര്‍ കുടിയാംശ്ശേരിയെയും (ആലപ്പുഴ രൂപത), സംരംഭക അവാര്‍ഡിന് ഷൈജ റൂഫസിനെയും (വരാപ്പുഴ അതിരൂപത), കലാപ്രതിഭ അവാര്‍ഡിന് റെക്‌സ് ഐസക്കിനെയും (വരാപ്പുഴ അതിരൂപത), വിദ്യാഭ്യാസ-ശാസ്ത്ര അവാര്‍ഡിന് ജോയി സെബാസ്റ്റ്യനെയും (ആലപ്പുഴ രൂപത), കായിക അവാര്‍ഡിന് ക്ലെയോഫാസ് അലക്‌സിനെയും (തിരുവനന്തപുരം അതിരൂപത) തിരഞ്ഞെടുത്തു.
ഡിസംബര്‍ മൂന്നിന് എറണാകുളം ഇന്‍ഫന്റ് ജീസസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലത്തീന്‍ കത്തോലിക്കാ ദിന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മറ്റു സഭാമേലധ്യക്ഷന്മാരും രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും സംബന്ധിക്കും. 25000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാകൃത്തും മലയാളം സര്‍വകലാശാലയിലെയും പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായ പ്രൊഫ. കവിയൂര്‍ ശിവപ്രസാദ്, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും അധ്യാപികയുമായ പ്രൊഫ. റോസി തമ്പി, തൃക്കാക്കര ഭാരത്മാതാ കോളജിലെ മലയാളവിഭാഗം അദ്ധ്യക്ഷന്‍ പ്രൊഫ. തോമസ് പനക്കളം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.