കുട്ടികളുടെയും ദുര്‍ബലരായ മുതിര്‍ന്നവരുടെയും സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഭാരത ലത്തീന്‍ മെത്രാന്‍സമിതി പുറപ്പെടുവിച്ച കുട്ടികളുടെ സംരക്ഷണ മാര്‍ഗരേഖ പരിചയപ്പെടുത്തുന്ന തിനായി കെആര്‍എല്‍സിബിസി കുട്ടികളുടെ കമ്മീഷന്റെ നേതൃത്വത്തില്‍ 12 ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കായി ദ്വിദിന പഠനശിബിരം 2024 ഏപ്രില്‍ 19, 20 തീയതികളില്‍ പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു.
കുട്ടികളുടെ കമ്മീഷന്റെ രൂപതാ ഡയറക്ടര്‍മാര്‍, മതബോധനപ്രതിനിധികള്‍, കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ അംഗം സി. അരീന ഗൊണ്‍സാല്‍വസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനും കോളേജ് അധ്യാപകനുമായ ഫാ. ജെന്‍സണ്‍ എസ് ഡി ബി, കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകനായ ഡോ. സെബാസ്റ്റ്യന്‍ മാത്യു വില്ലുകുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. കെആര്‍എല്‍സിബിസി കുട്ടികളുടെ കമ്മീഷന്‍ ചെയര്‍മാന്‍ ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ബിഷഫ് ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ അദ്ധ്യക്ഷനായിരുന്നു. കുട്ടികളുടെ കമ്മീഷന്റെ സെക്രട്ടറി ഫാ. വിന്‍സെന്റ് ലിനു സ്വാഗതം ആശംസിക്കുകയും തിരുവനന്തപുരം അതിരൂപതാംഗം ശ്രീമതി ഫ്‌ളോറന്‍സ് ഫ്രാന്‍സിസ് നന്ദിയര്‍പ്പിക്കുകയും ചെയ്തു.