Kerala Region
Latin Catholic Council

ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആർ. എൽ. സി.സി. പ്രസിഡണ്ട് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ കെ. ആർ. എൽ.സി. സി. പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള അവ്യക്തതകൾ പരിഹരിച്ചുകൊണ്ട് 2016 ഫെബ്രുവരി 27ന് പിന്നാക്ക സമുദായ വികസന വകുപ്പ് സ്പഷ്‌ടീകരണ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ലത്തീൻ കത്തോലിക്ക വിഭാഗത്തിന് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് അവർ 1947 ന് മുമ്പ് ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഒഴിവാക്കി, ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിന്റെയും റവന്യൂ അധികാരികൾ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുടെയും അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്കാ സമുദായ അംഗങ്ങൾക്ക് അവരുടെ ജാതി/സമുദായ സർട്ടിഫിക്കററ്റ് നൽകണമെന്ന് ഈ സർക്കുലർ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട് . എല്ലാ ജില്ലാ കളക്ടർമാരും വകുപ്പ് മേധാവികളും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ യുക്തി സഹമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാണിച്ച്, 2010 ലെ ഉത്തരവ് ഭേദഗതി ചെയ്ത് 2016 ൽ പുറപ്പെടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ നിരാകരിക്കുകയും ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ 2016 ലെ സർക്കുലറിലെ നിർദ്ദേശങ്ങൾ ഗവൺമെന്റ് ഓർഡർ ആയി പുറപ്പെടുവിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം നൽകണമെന്ന് പതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ലത്തീൻ കത്തോലിക്ക സമുദായത്തിലെ നാടാർ വിഭാഗം പ്രത്യേകമായി അഭിമുഖീകരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്നവും പരിഹരിക്കാൻ സ്വത്വരമായ നടപടി ഉണ്ടാകണമെന്ന് പ്രതിനിസംഘം ആവശ്യപ്പെട്ടു. 2021 ൽ നാടാർ ക്രൈസ്തവരെ ഒ. ബി. സി. ക്വാട്ടയിൽ ഉൾപ്പെടുത്തി സംവരണം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിൽ “എസ്.ഐ. യു. സി. ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാർ സമുദായത്തെ സംസ്ഥാന ഓ.ബി. സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണ ആനുകൂല്യം അനുവദിച്ച് ഉത്തരമാകുന്നു” എന്ന പരാമർശം പല റവന്യൂ ഉദ്യോഗസ്ഥന്മാരും ദുരുപയോഗം ചെയ്ത് ലത്തീൻ കത്തോലിക്കരിലെ നാടാർ വിഭാഗത്തിൽ പെട്ടവർക്ക് ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായി 2021 ലെ ഉത്തരവ് “എസ്. ഐ. യു. സി. യും ലത്തീൻ കത്തോലിക്ക നാടാർ വിഭാഗവും ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാർ സമുദായത്തെ സംസ്ഥാന ഓ. ബി. സി. പട്ടികയിൽ ഉൾപ്പെടുത്തി സംവരണ ആനുകൂല്യം അനുവദിക്കുന്നതിന് ഉത്തരവാകുന്നു” എന്ന് സ്പഷ്‌ടീകരണം നൽകണമെന്നും പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കെ.ആർ. സി. സി. പ്രസിഡണ്ടും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, കെ. ആർ. എൽ. സി.സി. ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *