Kerala Region
Latin Catholic Council

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പങ്കാളിത്ത ദര്‍ശനങ്ങളിലൂന്നി വര്‍ധിത സഹകരണം ഉറപ്പാക്കാനായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളെ സഭാ-സമുദായ പ്രവര്‍ത്തനങ്ങളുടെ മൗലികഘടകങ്ങളായി പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തന സംവിധാനമാണ് കേരള ലത്തീന്‍ സഭ രൂപപ്പെടുത്തിയിരിക്കുന്നത്. കേരള ലത്തീന്‍ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി) രൂപപ്പെടുത്തിയിരിക്കുന്ന 24 കമ്മീഷനുകളിലൂടെയാണ് ലത്തീന്‍ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനുംവേണ്ടി കെആര്‍എല്‍സിസി പ്രവര്‍ത്തിക്കുന്നത്.
കേരള ലത്തീന്‍സഭയുടെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരുമടങ്ങിയ ഈ സംവിധാനം ഒരര്‍ഥത്തില്‍ ലത്തീന്‍സഭയുടെ പ്രാദേശിക അജപാലനസമിതിയാണ്. കഴിഞ്ഞ 22 വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങള്‍ പഠനത്തിനും ചര്‍ച്ചയ്ക്കും വിധേയമാക്കിക്കൊണ്ട്, 40 വാര്‍ഷിക-അര്‍ധവാര്‍ഷിക സമ്മേളനങ്ങള്‍ നടത്തി. ഇവയൊക്കെയും ഈ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. അല്മായശക്തീകരണം, സ്ത്രീസംഘാടനം, യുവജനം, വിദ്യാഭ്യാസം, വികസനം, തൊഴില്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നടന്ന നയരൂപീകരണം കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം കെആര്‍എല്‍സിസിയെ സംബന്ധിച്ചിടത്തോളം വളരെ കര്‍ത്തവ്യബഹുലമായിരുന്നു. ഐതിഹാസികമായ വിഴിഞ്ഞം സമരത്തിന് കേരള ലത്തീന്‍ സഭയുടെ മാത്രമല്ല, കത്തോലിക്കാസഭ മുഴുവന്റെയും മറ്റു സഭാ സമൂഹങ്ങളുടെയും വിവിധ പൊതു സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയുമൊക്കെ അഭൂതപൂര്‍വമായ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കാന്‍ കെആര്‍എല്‍സിസിക്കു സാധിച്ചു. മൂലമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ നടത്തിയ ജനബോധനയാത്രയിലൂടെ വിഴിഞ്ഞം സമരത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനമനസ്സുകളിലെത്തിക്കുവാനും കഴിഞ്ഞു.
സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന്റെ ഒരുക്കപ്രവര്‍ത്തനങ്ങളും പഠനപ്രക്രിയയും എല്ലാ ലത്തീന്‍ രൂപതകളിലും വിപുലമായി നടത്തി കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചു. സിആര്‍ഇസഡ് വിഷയങ്ങളില്‍ കെഎല്‍സിഎയുടെ ശക്തമായ സഹകരണത്തോടെ വിപുലമായ ബോധവല്ക്കരണപരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയും ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്കുകയും ചെയ്തു. ജെ.ബി. കോശി കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി നിരീക്ഷിക്കുകയും പിന്‍ചെല്ലുകയും ചെയ്യുന്നു.
മണിപ്പൂരില്‍ നടന്നുവരുന്ന അനിയ്ന്ത്രിതമായ കലാപങ്ങള്‍ക്കും വംശഹത്യയ്ക്കുമെതിരേ വ്യാപകമായ ബോധവത്ക്കരണവും ഐക്യദാര്‍ഢ്യ പ്രതിഷേധപരിപാടികളും രൂപതകളുടെയും കെഎല്‍സിഎ, കെഎല്‍സിഡബ്ല്യുഎ പോലുള്ള വിവിധ സംഘടനകളുടെയും സഹകരണത്തോടെ നടത്തിവരുന്നു.
ഓരോ വര്‍ഷവും ജൂലൈ മാസത്തില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ കമ്മീഷനുകളുടെ വാര്‍ഷിക പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ 24 കമ്മീഷനുകളുടെയും പ്രവര്‍ത്തനറിപ്പോര്‍ട്ട് വിശദമായി അവതരിപ്പിക്കുക ധാരാളം സമയമെടുക്കുന്നതാകയാല്‍ റിപ്പോര്‍ട്ട് അച്ചടിച്ച് ഒരു ബുക്കായി പ്രസിദ്ധീകരിക്കുകയാണ്. ഒപ്പം കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തില്‍ കെആര്‍എല്‍സിസി കേന്ദ്രകാര്യാലയം നേരിട്ടു നടത്തിയ പരിപാടികളും വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച നിവേദനങ്ങളും അവകാശപത്രികകളും കെആര്‍എല്‍സിസി പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്താകുറിപ്പുകളും കെആര്‍എല്‍സിബിസി കെആര്‍എല്‍സിസി ഭാരവാഹികളുടെ ഡയറക്ടറിയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
കെആര്‍എല്‍സിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായി നില്ക്കുന്ന കേരള ലത്തീന്‍ മെത്രാന്‍സമിതിയ്ക്കും വലിയ പിന്തുണയും സഹകരണവും നല്കുന്ന സെക്രട്ടറിയേറ്റിനും കമ്മീഷന്‍ സെക്രട്ടറിമാര്‍ക്കും കെആര്‍എല്‍സിസി അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞും പരസ്പരം പ്രോത്സാഹിപ്പിച്ചും സംഘാതമായി മുന്നേറിക്കൊണ്ട് കെആര്‍എല്‍സിസിയെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്താം.

ഫാ. തോമസ് തറയില്‍
ജനറല്‍ സെക്രട്ടറി, കെആര്‍എല്‍സിസി

Leave a Reply

Your email address will not be published. Required fields are marked *