‘ഒരിക്കല്‍ നിങ്ങള്‍ ജനതയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമാണ്’ (1 പത്രോ 2:10). നമ്മള്‍ ഒരു ജനതയാണെന്ന് അംഗീകരിക്കാന്‍ ദൈവവചനം നമ്മെ ക്ഷണിക്കുന്നു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ വിശ്വാസപാരമ്പര്യവും വി. പത്രോസ് അപ്പസ്‌തോലന്റെ പൈതൃകവുമായി ചരിത്രത്തിലൂടെ തീര്‍ഥാടനം ചെയ്തു മുന്നേറുന്ന കേരള ലത്തീന്‍ സഭ, സാര്‍വത്രിക റോമന്‍ കത്തോലിക്കാസഭയുടെ പ്രാദേശികഘടകമെന്ന നിലയില്‍ വ്യവസ്ഥാപിതവും സംഘാതവുമായ സംവിധാനങ്ങളൊരുക്കി ആധുനിക കാലഘട്ടത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് പ്രത്യാശയോടെ മുന്നേറുകയാണ്. ഏകോപനം, ശക്തീകരണം, പങ്കാളിത്തം എന്നീ ദര്‍ശനങ്ങളിലൂന്നി 2002 മേയ് 24-ന് രൂപം കൊണ്ട കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി.) എന്ന ലത്തീന്‍ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതി മഹിതമായ 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സഭാ നവീകരണത്തിനും സമുദായ ഉദ്ഗ്രഥനത്തിനും വേണ്ടിയുള്ള പുത്തന്‍ പ്രതീക്ഷകളും പദ്ധതികളുമായി മുന്നേറുമ്പോള്‍ ഏവര്‍ക്കും എന്റെ അഭിവാദ്യങ്ങളും ആശംസകളും.
കെ.ആര്‍.എല്‍.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ രജത ജൂബിലിയോടുക്കുമ്പോഴും ഈ സംവിധാനത്തിന്റെ ലക്ഷ്യം, പ്രസക്തി, പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള അജ്ഞതയും സംശയങ്ങളും മുന്‍വിധികളും കാരണം ഇന്നും ലത്തീന്‍ കത്തോലിക്കരില്‍ നല്ലൊരു ഭാഗവും ഒരു സമൂഹമെന്ന നിലയില്‍ സ്വത്വബോധവും സംഘബോധവും ആര്‍ജിക്കാതെ വികസനത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയാണ്.
രജതജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയുള്ള അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടും ലക്ഷ്യബോധത്തോടുംകൂടെ നമുക്ക് മുന്നേറാം. കെആര്‍എല്‍സിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ഏകോപനം, ശക്തീകരണം, പങ്കാളിത്തം എന്നിവയിലൂടെ ലത്തീന്‍ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കായി നമുക്ക് കൈകോര്‍ക്കാം.
ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍
പ്രസിഡന്റ്, കെആര്‍എല്‍സിസി & കെആര്‍എല്‍സിബിസി