![](https://krlcc.org/wp-content/uploads/2023/07/vizhijam3.jpg)
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കുക, നിഷ്പക്ഷവും ശാസ്ത്രീയവുമായ പഠനം നടത്തുക, കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വിഴിഞ്ഞത്ത് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14ന് എറണാകുളം മൂലമ്പിള്ളിയില്‍ നിന്നാരംഭിച്ച ജനബോധന യാത്ര സെപ്റ്റംബര്‍ 18ന് വിഴിഞ്ഞത്ത് വന്‍ ബഹുജനപങ്കാളിത്തത്തോടെ സമാപിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവുമായ ജോസഫ് ജൂഡിന്റെ നേതൃത്വത്തില്‍ വരാപ്പുഴ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം രൂപതകളിലെ തീരദേശത്തുകൂടെ സഞ്ചരിച്ച യാത്രയ്ക്ക് വലിയ സ്വീകരണമാണു ലഭിച്ചത്. മത, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വരാപ്പുഴ അതിരൂപതയില്‍, വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികളുടെ കൈയില്‍ നിന്നും ജാഥാ പതാക വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റന്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിന് നല്‍കി.
എറണാകുളം ഹൈക്കോടതി ജങ്ഷനിലെ മദര്‍ തെരേസാ സ്‌ക്വയറിലെത്തിയ യാത്ര ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രാജേന്ദ്രമൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആധ്യക്ഷന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിസംബോധന ചെയ്തു.
സെപ്റ്റംബര്‍ 15ന് കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ യാത്ര പള്ളുരുത്തിയില്‍ നിന്ന് തോപ്പുംപടി ബിഒടി ജംഗ്ഷനിലേക്ക് നടത്തിയ പദയാത്രയോടെ സമാപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശേരി അധ്യക്ഷനായിരുന്നു.
16ന് മൂന്നാം ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നല്‍കിയത് ആലപ്പുഴ രൂപതയാണ്. രാവിലെ ചെല്ലാനത്ത് നിന്ന് ആരംഭിച്ച യാത്ര ആലപ്പുഴ ടൗണില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ക്യാമ്പസില്‍ നിന്നു പുന്നപ്രയിലേക്ക് പദയാത്ര നടത്തി.
പദയാത്ര ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം പുന്നപ്ര സെന്റ് ജോണ്‍ മേരി വിയാനി ദേവാലയങ്കണത്തില്‍ ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ അധ്യക്ഷനായിരുന്നു.
സെപ്റ്റംബര്‍ 17ന് ശനിയാഴ്ച കൊല്ലം രൂപതയാണ് ജനബോധന യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. തോട്ടപ്പിള്ളിയില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലത്ത് പൊതുയോഗത്തോടെ സമാപിച്ചു. പോര്‍ട്ട് കൊല്ലം തുറമുഖ കവാടത്തില്‍ നടന്ന സമാപന സമ്മേളനം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ അധ്യക്ഷനായിരുന്നു.
സെപ്റ്റംബര്‍ 18 ഞായറാഴ്ച തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച ജനബോധന യാത്രയ്ക്ക് നേതൃത്വം നല്‍കിയത് തിരുവനന്തപുരം അതിരൂപതയാണ്. പെരുമാതുറ, തുമ്പ, വേളി, വലിയതുറ, ബീമാപ്പള്ളി എന്നിവിടങ്ങള്‍ കടന്ന് ജാഥ വൈകീട്ട് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് സമാപിച്ചു. ഇവിടെ നിന്ന് വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപന്തലിലേക്ക് ആരംഭിച്ച ബഹുജനറാലി ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം ഫ്ളാഗ് ഓഫ് ചെയ്തു.
ഒട്ടേറെ ഇരുചക്ര വാഹനങ്ങള്‍ റാലിയില്‍ പങ്കെടുത്തു. അതിനു പിന്നാലെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വലിയ ജനനിര നീങ്ങി. തെന്നൂര്‍ക്കോണം, മുക്കോല റോഡിലൂടെ നീങ്ങിയ റാലി മുല്ലൂരില്‍ എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നടക്കം ഇതര തീരദേശ മേഖലകളില്‍ നിന്നുള്ളവരും റാലിയില്‍ കൂടിച്ചേര്‍ന്നു. അതോടെ വന്‍ ജനപ്രവാഹമായി മാറിയ ബഹുജന മാര്‍ച്ച് സമരവേദിക്കു മുന്‍പില്‍ പൊതുയോഗത്തോടെ സമാപിച്ചു.
ജനബോധന യാത്രയുടെ സമാപന സമ്മേളനം പ്രശസ്ത പരിസ്ഥിതി-സാമൂഹികപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി.
കെആര്‍എല്‍സിസി വൈസ് പ്രസിസന്റ് ജോസഫ് ജൂഡ് ക്യാപ്റ്റനും കെഎല്‍സിഎ സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് വൈസ് ക്യാപ്റ്റനും, കെആര്‍എല്‍സിസി സെക്രട്ടറി
പി.ജെ തോമസ്, ജാഥ കണ്‍വീനറുമായിരുന്നു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ഫാ. ഷാജ്കുമാര്‍, ഫാ.മാത്യു പുതിയാത്ത്, സിബി ജോയ്, വിന്‍സ് പെരിഞ്ചേരി, ജസ്റ്റീന ഇമ്മാനുവല്‍
എന്നിവരായിരുന്നു ജനബോധന യാത്രയില്‍ ജാഥാ സ്ഥിരാംഗങ്ങളായി പങ്കെടുത്തത്.